17 December, 2024 09:10:41 PM


അദാലത്ത്; സുനിഷയ്ക്കും ലക്ഷ്മിക്കും ജെയിംസിനും കുടിവെള്ളം കിട്ടും



കോട്ടയം: സ്വന്തമായി കുടിവെള്ള സ്രോതസില്ലാതെ, കഷ്ടപ്പെടുന്ന കുടുംബത്തിന് ആശ്വാസവുമായി കാഞ്ഞിരപ്പളളി താലൂക്ക് അദാലത്ത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിഴിക്കത്തോട് പതിനേഴാം വാർഡിലെ ലക്ഷ്മിപുരത്തു താമസിക്കുന്ന രാധാമണിയുടെ പരാതിയുമായാണ് മരുമക്കളായ സുനിഷയും ലക്ഷ്മിയും അദാലത്തിലെത്തിയത്. ലക്ഷ്മിപുരം വരെ ജലഅതോറിട്ടിയുടെ പൈപ്പ്ലൈൻ കണക്ഷൻ ഉണ്ടെങ്കിലും ജല ദൗർലഭ്യത്തെത്തുടർന്ന് എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ നൽകിയിട്ടില്ല. മൂന്നരസെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള പരാതിക്കാർക്ക് മറ്റു ജലസ്രോതസുകളില്ല. അയൽവീടുകളെ ആശ്രയിച്ചും വിലകൊടുത്തു വാങ്ങിയുമാണ് ഇവർ നിത്യോപയോഗത്തിനുള്ള വെള്ളം കണ്ടെത്തുന്നത്.

നിലവിലുള്ള പൈപ്പ് ലൈനിൽനിന്ന് ഇവരുടെ വീടുൾപ്പെടുന്ന ഏതാനും വീടുകൾക്കു കൂടി വെള്ളം ലഭ്യമാക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്നാൽ ജലദൗർലഭ്യം കാരണം ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് പമ്പിങ് നടക്കുന്നതെന്നു ജലഅതോറിട്ടി പറഞ്ഞു.  ഈ പ്രദേശത്തു പുതിയ വാട്ടർ കണക്ഷൻ നൽകിയിട്ടുണ്ടെങ്കിലും ജലലഭ്യത കുറവുകാരണം വിതരണം ആരംഭിച്ചിട്ടില്ല. നിലവിൽ കാഞ്ഞിരപ്പള്ളി, എലിക്കുളം, ചിറക്കടവ് പഞ്ചായത്തുകൾക്കുള്ള ശുദ്ധജലവിതരണപദ്ധതിയിലെ കരിമ്പുകയം ഡബ്ല്യൂ.ടി.പിയിൽ നിന്നുള്ള ടാങ്കിൽ നിന്നാണ് പ്രദേശത്ത് ജലവിതരണം നടത്തുന്നത്. കിഫ്ബി ധനസഹായത്തോടെ ജല അതോറിട്ടി കോട്ടയം പ്രോജക്ട് ഡിവിഷൻ നടപ്പാക്കുന്ന ജലശുദ്ധീകരണശാലയുടെ ശേഷി കൂട്ടുന്ന മുറയ്ക്കു കുടിവെള്ള വിതരണം പൂർത്തിയാക്കാമെന്നും ജലഅതോറിട്ടി അറിയിച്ചിരുന്നു. അതുവരെ താൽക്കാലിക സംവിധാനം എന്ന നിലയിൽ നിലവിലെ പൈപ്പ് ലൈനിൽ നിന്ന് വാൽവ് സംവിധാനം ഉപയോഗിച്ചു രാധാമണിയുടെ കുടുംബത്തിനും മറ്റുളളവർക്കും ആഴ്ചയിലൊരിക്കലുള്ള ജലത്തിന്റെ വിഹിതം നൽകാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. ഇവർക്കു കൂടി ഗുണപ്രദമാകുന്ന രീതിയിൽ വിഴിക്കത്തോട് മലങ്കോട്ട ഭാഗത്ത് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി രൂപീകരിക്കാൻ ഗ്രൗണ്ട് വാട്ടർ വകുപ്പിനോടും മന്ത്രി നിർദേശിച്ചു.  

കുടിവെള്ള കണക്ഷൻ ലഭിക്കാത്തതിനെതിരേയാണ് എരുമേലി പഞ്ചായത്തിലെ ഏഴാംവാർഡ് നിവാസിയായ ആറാട്ടുകയത്തുങ്കൽ എ.കെ. ജയിംസ് അദാലത്തിൽ പരാതിയുമായി എത്തിയത്. നേർച്ചപ്പാറ ജലസംഭരണിയിൽനിന്ന് നൂറുമീറ്റർ അടുത്താണ് വീടെന്നും വാട്ടർ കണക്ഷൻ നൽകിയില്ലെന്നും കുടിവെള്ളത്തിന് മറ്റു മാർഗങ്ങളില്ലെന്നും ജയിംസ് മന്ത്രി വി.എൻ. വാസവനെ അറിയിച്ചു. ഏഴുദിവസത്തിനകം കുടിവെള്ള കണക്ഷൻ നൽകാൻ മന്ത്രി ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943