17 December, 2024 09:02:24 AM


ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം; ഓം പ്രകാശ് അറസ്റ്റില്‍



തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍. തിരുവനന്തപുരം ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടല്‍ കേസിലാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റുചെയ്തത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഡിജെ പാര്‍ട്ടിക്കിടെ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജന്‍ എന്നയാളും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നഗരത്തില്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു ഏറ്റുമുട്ടല്‍.

സുഹൃത്തുക്കളായിരുന്ന ഓംപ്രകാശും സാജനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞു. പിന്നീട് ഇവര്‍ തമ്മില്‍ പലതവണ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. നിശാക്ലബ് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഫോര്‍ട്ട് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K