10 December, 2024 07:31:49 PM
വൈക്കം ബീച്ചിലെ ഉദ്ഘാടന വേദിയിലെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി.എൻ. വാസവനും തമിഴ്‌നാട് മന്ത്രി എ.വി. വേലുവും
വൈക്കം: കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പുമന്ത്രി എ.വി. വേലുവും സംയുക്തമായി വിലയിരുത്തി. വൈക്കം ബീച്ച് മൈതാനിയിലെ പടുകൂറ്റൻ വേദിയിലാണ് ഉദ്ഘാടനസമ്മേളനം നടക്കുന്നത്. വേദി നിർമാണവും പന്തൽ നിർമാണവും അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.
ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ചു വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിനുശേഷമാണ് ഇരുമന്ത്രിമാരും ഒരുമിച്ചെത്തി ബീച്ച് മൈതാനിയിലെ ഒരുക്കങ്ങൾ വിലയിരുത്തിയത്. തമിഴ്‌നാട്മന്ത്രി എ.വി. വേലുവിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടു വൈക്കം വല്ലകം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാഅവലോകനയോഗത്തിലും തമിഴ്‌നാട്മന്ത്രി എ.വി. വേലു പങ്കെടുത്തു.
സെഡ് കാറ്റഗറിയിൽപ്പെട്ട രണ്ടു വി.ഐ.പികൾ പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ ആവശ്യമായ എല്ലാ സുരക്ഷാമുൻകരുതലുകളും എടുക്കണമെന്നു സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടു.
ഏഴായിരത്തോളം പേർ പങ്കെടുക്കുന്ന സമ്മേളനം എന്ന രീതിയിലാണ് ഒരുക്കങ്ങൾ നടത്തുന്നത്. തമിഴ്‌നാട്ടിൽ നിന്ന് നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലേദിവസം മുതൽ തന്നെ ട്രാഫിക്, പാർക്കിങ് സംവിധാനങ്ങൾ സംബന്ധിച്ച കൃത്യമായ സന്ദേശം നൽകണം. ഇതുസംബന്ധിച്ചു പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തചർച്ച നടത്തണം. വി.ഐ.പികൾ എത്തുന്ന സമയത്തു ജങ്കാർ സർവീസ് നിർത്തിവയ്്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. എത്തുന്ന മുഴുവൻ ആളുകൾക്കും കുടിവെള്ളം ഉറപ്പാക്കാനുള്ള നടപടി വാട്ടർ അതോറിട്ടി സ്വീകരിക്കണം. ആംബുലൻസ് സേവനങ്ങൾ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിൽ പരിചരണം നൽകുന്നതിന് ഡോക്ടർമാർ ഉൾപ്പെട്ട സംഘത്തെ നിയോഗിക്കണം. ആതിഥേയ സംസ്‌കാരത്തിന്റെ ഉന്നതനിലവാരം കാത്തുസൂക്ഷിച്ച് തമിഴ്‌നാട് സർക്കാരിന്റെ പ്രതിനിധികൾക്കും തമിഴ്‌നാട്ടിൽ നിന്നെത്തുന്നവർക്കും ഒരു കുറവും വരാതെ നോക്കണമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കേരള സർക്കാർ നൽകുന്ന എല്ലാ പിന്തുണയ്ക്കും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പുമന്ത്രി എ.വി. വേലു യോഗത്തിൽ നന്ദി അറിയിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ്, പാലാ ആർ.ഡി.ഒ. കെ.പി. ദീപ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.