09 December, 2024 06:36:46 PM
അദാലത്ത് തുണച്ചു; ഏഴു പേർക്ക് റേഷൻ കാർഡ്
കോട്ടയം: മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലൂടെ ഏഴു പേർക്ക് മുൻഗണന റേഷൻകാർഡ് നൽകി. ആറു പേർക്ക് അന്ത്യോദയ അന്ന യോജന(എ.എ.വൈ.) റേഷൻ കാർഡും ഒരാൾക്ക് പ്രയോറിറ്റി ഹൗസ്ഹോൾഡ് (പി.എച്ച്.എച്ച്.) കാർഡുമാണ് അനുവദിച്ചത്. റേഷൻ കാർഡ് മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു. അദാലത്തിലൂടെ എ.എ.വൈ. റേഷൻ കാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഒളശ ചിറയിൽ വീട്ടിൽ സൊനാലി എക്കാ പറഞ്ഞു. വർഷങ്ങളായി ഒളശയിൽ സ്ഥിരതാമസമാക്കിയ ജാർഖണ്ഡിലെ ഗുമ്ല സ്വദേശികളായ സൊനാലിയും ഭർത്താവ് ലാൽദേവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനാണ് അദാലത്തിലൂടെ റേഷൻ കാർഡ് ലഭിച്ചത്. പാമ്പാടി വേളൂർ സ്വദേശി ആനിയമ്മ മാത്യു, തിരുവാർപ്പ് സ്വദേശികളായ പി.പി. ചന്ദ്രൻ, ആര്യ രാജഗോപാൽ, എസ്.എച്ച്. മൗണ്ട് സ്വദേശി രാജമ്മ, പുന്നത്തുറ സ്വദേശി അംബിക, നീണ്ടൂർ സ്വദേശി ചെല്ലമ്മ ഗോപി എന്നിവർ റേഷൻ കാർഡ് ഏറ്റുവാങ്ങി.