07 December, 2024 07:21:03 PM


ബന്ധുവിന് ജോലി നൽകാൻ ശ്രമം; എംകെ രാഘവൻ എംപിയെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ



കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് എംപിയുമായ എംകെ രാഘവനെ കണ്ണൂർ മാടായിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. മാടായി കോളേജിലെ നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ എംകെ രാഘവൻ എംപിയെ തടഞ്ഞത്. എംകെ രാഘവൻ ചെയർമാൻ ആയ സഹകരണ സൊസൈറ്റിക്ക് കീഴിലാണ് കോളേജ്.

എന്നാൽ ഈ കോളേജിലേക്ക് തന്റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകാൻ എംകെ രാഘവൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം. ഇതോടെയാണ് എംപിയെ തടയാൻ കോൺഗ്രസ് പ്രവർത്തകർ തന്നെ മുന്നിട്ടിറങ്ങിയത്. കോഴ വാങ്ങി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പിൻവാതിൽ നിയമനം നൽകുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് എംപി കൂടിയായ രാഘവനെതിരെ സ്വന്തം പാർട്ടിയിലെ പ്രവർത്തകർ തന്നെ ഉന്നയിക്കുന്നത്. കല്യാശേരി, പയ്യന്നൂർ നിയോജക മണ്ഡലങ്ങളിലെ കടുത്ത എതിർപ്പ് മറികടന്നാണ് എംപി സ്വന്തം ബന്ധുവിന് നിയമനം നൽകാൻ ശ്രമം നടത്തുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. 

മാടായി കോളേജിലെ നിയമനത്തിനുള്ള ഇന്റര്‍വ്യൂ നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു കോളേജ് ചെയര്‍മാന്‍ കൂടിയായ എംകെ രാഘവന്‍. എന്നാൽ അദ്ദേഹത്തെ കോൺഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ഇന്റര്‍വ്യൂ നടക്കുന്ന ഹാളിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് പോലീസെത്തിയാണ് പ്രതിഷേധക്കാരെ കോളേജിൽ നിന്നും നീക്കിയത്. 

എംകെ രാഘവന്റെ ബന്ധുവും കുഞ്ഞിമംഗലം സ്വദേശിയുമായ സിപിഎം അനുഭവിക്ക് ജോലി നൽകാൻ ശ്രമം നടക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇതിനെതിരെ മേഖലയിലെ മുന്നൂറിലധികം പ്രവർത്തകർ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വത്തിന് കൈമാറിയിരുന്നു. മണ്ഡലം കമ്മിറ്റി, ഡിസിസി, കെപിസിസി, എഐസിസി എന്നിവർക്കാണ് പരാതി നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K