07 December, 2024 12:29:15 PM


ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണരൂപം: വിധി പറയൽ മാറ്റി വിവരാവകാശ കമീഷൻ



തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവിടുന്ന വിഷയത്തിൽ വിവരാവകാശ കമീഷൻ വിധി പറയൽ മാറ്റി. ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ പുതിയ പരാതി ലഭിച്ചതിനെ തുടർന്നാണ് വിധി പറയൽ മാറ്റിയത്. പരാതി പരിശോധിച്ചതിനു ശേഷമായിരിക്കും പൂർണ്ണരൂപം പുറത്തുവിടുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

ഹേമ കമ്മിറ്റി നൽകിയ ശുപാർശകൾ നടപ്പാക്കാനുള്ള എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.  കോടതി നിർദ്ദേശങ്ങൾ അതുപോലെ പാലിച്ചിട്ടുണ്ട്. കമീഷൻ പുറത്തു വിടരുതെന്ന് പറഞ്ഞ ഭാഗങ്ങൾ മാത്രമാണ് പുറത്ത് വിടാതിരുന്നത്. കേസ് ഇപ്പോൾ കോടതിയുടെ മുന്നിലാണ്. കോടതിയും കമീഷനും ഇക്കാര്യങ്ങൾ പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാർ സിനിമയിലെ സ്ത്രീപക്ഷത്തിന്റെ പ്രശ്നങ്ങൾക്ക് ഒപ്പമാണ്. കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യൂസിസി നൽകിയ അപ്പീലിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കമ്മിറ്റി നിലവിൽ വരുന്നത്. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും മന്ത്രി പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938