05 December, 2024 04:51:17 PM


പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ഐഎസ്ആർഒ



ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ3 വഹിച്ചുള്ള ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി59 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വൈകുന്നേരം 4:04 ന് ആയിരുന്നു വിക്ഷേപണം. സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്മമായി പഠിക്കും. 145 മീറ്റര്‍ വ്യത്യാസത്തിലുള്ള ഭ്രമണപഥത്തില്‍ ഇരു ഉപഗ്രഹങ്ങളും സഞ്ചരിച്ചാണ് ഇത് സാധ്യമാക്കുക. ഏറ്റവും ഉയരത്തിലുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും ഇവയെ ഉറപ്പിക്കുക. കുറഞ്ഞദൂരം 600 ഉം കൂടിയ ദൂരം 6530 കിലോമീറ്ററുമായുള്ള പഥമാണിത്. ആയിരം കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങളെ ആദ്യഘട്ടത്തില്‍ എത്തിക്കും. രണ്ട് വര്‍ഷമാണ് കാലാവധി. ഇന്നലെ പ്രീലോഞ്ച് തയ്യാറെടുപ്പിനിടെ പേടകത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെ വിക്ഷേപണത്തിന്റെ അവസാന മണിക്കൂറിലാണ് പ്രോബ പേടകത്തിലെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. കൗണ്ട് ഡൗണ്‍ അവസാനിക്കാന്‍ 43 മിനിറ്റ് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോഴാണ് വിക്ഷേപണം മാറ്റിയതായി ഐഎസ്ആര്‍ഒ അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K