05 December, 2024 10:54:00 AM


പുരുഷൻമാർക്കും ആർത്തവമുണ്ടായാൽ മാത്രമേ സ്ത്രീകളുടെ വിഷമങ്ങൾ മനസിലാകൂ- സുപ്രീംകോടതി



ന്യൂഡല്‍ഹി: വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി പരിഗണിച്ച മാനദണ്ഡങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഗര്‍ഭം അലസിയതിനെത്തുടര്‍ന്ന് വനിതാ ജഡ്ജിക്കുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതിരുന്നതിനെയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചത്.

ഇങ്ങനെയാണോ വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഹൈക്കോടതികള്‍ വിലയിരുത്തുന്നതെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. വനിതാ ജഡ്ജി ഗര്‍ഭിണിയായിരുന്നു. പിന്നീട് ഗര്‍ഭം അലസിപ്പോയി. ഗര്‍ഭച്ഛിദ്രത്തിന് വിധേയയായ ഒരു സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആഘാതം മനസ്സിലാക്കണമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. പുരുഷന്മാര്‍ക്കും ആര്‍ത്തവമുണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മാത്രമേ അത്തരം ബുദ്ധിമുട്ടുകള്‍ അവര്‍ മനസ്സിലാക്കുകയുള്ളൂവെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.

പുരുഷ ജഡ്ജിമാര്‍ക്കും ഇത്തരം മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് ജസ്റ്റിസ് നാഗരത്‌ന കൂട്ടിച്ചേര്‍ത്തു. പ്രകടനം മോശമാണെന്നുപറഞ്ഞ് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരായ അദിതി കുമാര്‍ ശര്‍മ്മ, സരിത ചൗധരി എന്നിവരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. 1500 ഓളം കേസുകളില്‍ 200 ല്‍ താഴെ കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. ശരാശരിയില്‍ താഴെയുള്ള പ്രകടനമാണെന്നുമായിരുന്നു ഹൈക്കോടതി വിലയിരുത്തിയത്.

എന്നാല്‍ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോള്‍ അദിതി ശര്‍മ്മക്ക് ഗര്‍ഭം അലസിപ്പോയിരുന്നതായും ജോലിചെയ്യാന്‍ കഴിയാത്തവിധം മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും ബോധ്യപ്പെട്ടു. അവരുടെ സഹോദരന് അര്‍ബുദമായിരുന്നെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് എങ്ങനെയാണ് ടാര്‍ഗറ്റ് നിശ്ചയിക്കാന്‍ കഴിയുകയെന്ന് സുപ്രീംകോടതി ചോദിച്ചു. ഈ മാനദണ്ഡങ്ങള്‍ പുരുഷ ജഡ്ജിമാര്‍ക്ക് നേരെയും പരിഗണിക്കുമോയെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. തങ്ങള്‍ അത് ഉറ്റു നോക്കുകയാണ് എന്നും ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസില്‍ ഡിസംബര്‍ 12 ന് വാദം തുടരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K