05 December, 2024 09:31:51 AM
കൗമാരക്കാരി ഗർഭിണിയായ കാര്യം പോലീസിനെ അറിയിച്ചില്ല; അമ്മയ്ക്കെതിരായ പോക്സോ കേസ് റദ്ദാക്കി
കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ എടുത്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം സംഭവങ്ങളിൽ അമ്മയ്ക്കെതിരെ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതു പോലെയാണെന്നു കോടതി നിരീക്ഷിച്ചു.
17കാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് പൊലീസിനെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവിട്ടത്. തൃശൂർ അഡീഷണൽ ജില്ലാ കോടതിയിലെ തുടർ നടപടികളാണു റദ്ദാക്കിയത്.
വയറു വേദനയെ തുടർന്നു മകളെ 2021 മെയ് 31നു ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്നു അറിഞ്ഞത്. തുടർന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മാതാവ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂൺ 3ന് ഡോക്ടർ വിവരം പൊലീസിനെ അറിയിച്ചു. പിറ്റേ ദിവസം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കുട്ടിയെ പീഡനത്തിനു ഇരയാക്കിയ ആളാണ് ഒന്നാം പ്രതി. വിവരം അറിയിച്ചില്ലെന്നതിന്റെ പേരിൽ അമ്മയെ രണ്ടാം പ്രതിയുമാക്കി. എന്നാൽ ഈ കേസിൽ അമ്മ മനഃപൂർവം വിവരം പൊലീസിനെ അറിയിച്ചില്ല എന്ന പറയാനാകില്ലെന്നു കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണ് എന്നറിയുമ്പോഴുള്ള അമ്മയുടെ ഞെട്ടലും മാനസിക വ്യഥയും കണക്കിലെടുക്കണമെന്നു ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾ കോടതി കണക്കിലെടുത്തു.