30 November, 2024 09:52:49 PM
അമിതകൂലി നൽകാത്തതിനാൽ അയ്യപ്പന്മാരെ തിരിച്ചയച്ചു: ഡോളി തൊഴിലാളികൾ അറസ്റ്റിൽ
പമ്പ: തീർത്ഥാടനത്തിനെത്തിയ അയ്യപ്പഭക്തരോട് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകാൻ അമിതകൂലി ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ ഇറക്കി തിരിച്ചു വിടുകയും ചെയ്ത 4 ഡോളി തൊഴിലാളികളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി ചെങ്കര സ്വദേശികളായ പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം (56), തെക്കേമുറിയിൽ വീട്ടിൽ വിപിൻ (37), പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ ഡിവിഷൻ നമ്പർ രണ്ടിൽ സെന്തിൽ കുമാർ (37), കച്ചമ്മൽ എസ്റ്റേറ്റ് ലയത്തിൽ പ്രസാദ് ( 33 ) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ ഒന്നോടെ നീലിമല കയറ്റത്തിൻ്റെ തുടക്കത്തിൽ സന്നിധാനത്തേക്ക് പോകാൻ എത്തിയ അയ്യപ്പഭക്തനിൽ നിന്ന് പ്രതികൾ ദേവസ്വം ബോർഡ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെടുകയും അത് നൽകാൻ വിസമ്മതിച്ചപ്പോൾ ഡോളിയിൽ നിന്നും ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഇവരെ കുറിച്ചുള്ള വിവരം പമ്പ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഭാരതീയ ന്യായസംഹിതയിലെ 2023ലെ 308 (3), 3(5) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഡോളിയും പ്രതികളെയും കസ്റ്റഡിയിലെടുത്തു. നിലവിൽ ദേവസ്വം ബോർഡ് ഇവർക്ക് നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് റദ്ദാക്കുന്നതിനുള്ള റിപ്പോർട്ടും നൽകി.
അയ്യപ്പന്മാരിൽ നിന്ന് ദേവസ്വം ബോർഡ് നിശ്ചയിച്ച നിരക്ക് ഒരു വശത്തേക്ക് 3250 രൂപയും ഇരുവശത്തേക്കും 6500 രൂപയുമാണ്. ഇതിൽ കൂടുതൽ ഈടാക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. അയ്യപ്പഭക്തർക്കെതിരായ എല്ലാത്തരം ചൂഷണങ്ങളും തടയുന്നതിനാവശ്യമായ പരിശോധനകളും മറ്റും പോലീസ് തുടരുകയാണ്.
നിലവിൽ 1750 ഓളം ഡോളി തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെയും മറ്റും അടിസ്ഥാനത്തിൽ തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ഇവ കൃത്യമായി കാണത്തക്കവിധത്തിൽ ധരിക്കണമെന്നും തിരിച്ചറിയൽ കാർഡില്ലാത്തവരെ പമ്പയിൽ തുടരാൻ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഡോളിയിൽ ഭക്തരെ കൊണ്ടു പോകുമ്പോൾ തർക്കങ്ങൾ ഒഴിവാക്കുന്നതിന്, ആവശ്യക്കാർക്ക് ഡോളി ബുക്ക് ചെയ്യുന്നതിനും തുക അടയ്ക്കുന്നതിനുമായി പ്രീപെയ്ഡ് കൗണ്ടർ ഏർപ്പെടുത്തുന്നതിനുള്ള സാധ്യത ദേവസ്വം ബോർഡുമായി ചേർന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പമ്പ സ്പെഷ്യൽ ഓഫീസർ ജയശങ്കറിന്റെ നിർദേശപ്രകാരമാണ് നടപടികൾ കൈക്കൊണ്ടത്.