29 November, 2024 02:04:34 PM


തിരൂര്‍ സതീശന്‍റെ മൊഴിയെടുക്കും; കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്



തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി എടുക്കാനും 90 ദിവസത്തികം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

തിരൂര്‍ സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടകര കുഴല്‍പ്പണ കേസില്‍ തുടന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍ വിനോദ് കുമാറാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫില്‍ കള്ളപ്പണം സൂക്ഷിച്ചുവെന്നായിരുന്നു ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വികെ രാജു സ്‌പെഷ്യല്‍ പോസിക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണന്‍ മുഖേനെ ഇരിങ്ങാലക്കുട അഡീഷണല്‍ കോടതിയെ സമീപിച്ചത്. കൊടകര കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നാണ് ചട്ടം.

അന്വേഷണസംംഘത്തിന് തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്താമെന്നും റിപ്പോര്‍ട്ട് 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ളപ്പണമായ ആറ് കോടി രൂപ ചാക്കിലാക്കി ബിജെപി ജില്ലാ കമറ്റി ഓഫീസില്‍ സൂക്ഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കോഴിക്കോട് നിന്നും കൊണ്ടു വന്ന കള്ളപ്പണത്തില്‍ ഒരു കോടി സുരേന്ദ്രന്‍ അടിച്ചുമാറ്റിയതായും ധര്‍മ്മരാജന്‍ തന്നോട് പറഞ്ഞതായും തിരൂര്‍ സതീശന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K