26 November, 2024 01:35:58 PM


നാട്ടിക അപകടം: ലോറിയുടെ രജിസ്ട്രേഷൻ റദ്ദാക്കും- മന്ത്രി ​ഗണേഷ് കുമാർ



തിരുവനന്തപുരം: നാട്ടിക അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയപാതകളില്‍ രാത്രികാല പരിശോധ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നാട്ടികയില്‍ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങളെല്ലാം മാറ്റിയപ്പോള്‍ പരിശോധനയ്ക്ക് വാഹനങ്ങള്‍ ഇല്ലാത്ത സാഹചര്യമുണ്ട്. 20 ഓളം വണ്ടികള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്ന് 25 വണ്ടിവാങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇതുവരെ വാങ്ങാന്‍ പറ്റിയിട്ടില്ല. ഇക്കാര്യം ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വണ്ടി എന്തിനാണെന്നാണ് ധനവകുപ്പ് ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാത്രികാല പരിശോധനയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ നേതൃത്വം നല്‍കും. പൊലീസുമായി ചേര്‍ന്നാണ് ഇത്തരം പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു. രാത്രിയില്‍ അമിതവേഗത്തില്‍ വലുതുവശം കയറിയാണ് പലപ്പോഴും വാഹനങ്ങള്‍ യാത്ര നടത്തുന്നത്. പലപ്പോഴും തമിഴ്‌നാട്ടില്‍ നിന്നുള്ള വണ്ടികളാണ് ഇങ്ങനെ യാത്ര ചെയ്യുന്നത്. ഇവിടെയുള്ള വണ്ടികളും കുറവല്ല. ടേണിങില്‍ ഓവര്‍ടേക്കിങ് ഉണ്ട്. അത് പിടിക്കാനായി മോട്ടോര്‍ വാഹനവകുപ്പ് സംവിധാനം തയ്യാറാക്കിയിട്ടണ്ട്.

ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. കേരളത്തില്‍ അല്ലാതെ ഒരിടത്തും വണ്ടി തടഞ്ഞുനിര്‍ത്തി ആര്‍സി ബുക്ക് പരിശോധിക്കുന്ന നടപടിയില്ല. അത്തരം പരിശോധന കൊണ്ട് ഒരുകാര്യവുമില്ല. റണ്ണിങിലാണ് നിയമലംഘനം നടക്കുന്നത്. വീഡിയോയില്‍ ഷൂട്ട് ചെയ്ത് ജിയോ ടാഗ് ചെയ്ത് അവിടെ നിന്ന് ലൊക്കേഷന്‍ കണ്ടെത്തി ഫൈന്‍ ഇടാനാണ് മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് വാഹനങ്ങള്‍ വേണം

പതിനഞ്ചുവര്‍ഷം കഴിഞ്ഞ വണ്ടികള്‍ക്കൊന്നും കാര്യമായ തകരാര്‍ പറ്റിയിട്ടില്ല. ഇപ്പോഴും ഉപയോഗിക്കാന്‍ പറ്റുന്നതാണ്. എന്നാല്‍ നിലവിലെ നിയമം അത് അനുവദിക്കുന്നില്ല. പൊലീസിന്റെ വണ്ടികള്‍, ആരോഗ്യവകുപ്പിന്റെ വണ്ടികള്‍ എല്ലാം ഇത്തരത്തില്‍ ഒതുക്കിയിട്ടണ്ട്. ഈ വണ്ടികളൊന്നും പൊളിക്കാനായിട്ടില്ല. വലിയ ഡാമേജൊന്നും ഇല്ല. വണ്ടി പൊളിച്ച് വിറ്റ് പുതിയ വണ്ടി വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ അവര്‍ക്ക് ജിഎസ്ടി കിട്ടുമല്ലോയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K