24 November, 2024 01:26:31 PM


ആനകൾക്ക് ഇനി കുറി വേണ്ട, ലംഘിച്ചാൽ പാപ്പാൻമാർക്ക് പിഴ; വിലക്കുമായി ​ഗുരുവായൂർ ക്ഷേത്രം



​തൃശൂർ: ആനയെ കുറി തൊടീക്കുന്നതിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി. പാപ്പാൻമാർക്കായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പല നിറത്തിലുള്ള കുറി തൊടീക്കുന്നതിനാൽ നെറ്റിപ്പട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച് നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സർക്കുലറിൽ പറയുന്നു.

ഇത്തരത്തിൽ കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരും. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാപ്പാൻമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം ലംഘിച്ചാൽ പാപ്പാൻമാരിൽ നിന്ന് നഷ്ടം ഈടാക്കും. ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിനും ആനകളെ കുളിപ്പിച്ച് കുറിയിട്ടാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ആനയുടെ മസ്തകത്തിലും ചെവികളിലും വാലിലും ചന്ദനം, കളഭം, കുങ്കുമം എന്നിവ കൊണ്ടാണ് പാപ്പാൻമാർ കുറി തൊടാറ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K