23 November, 2024 09:29:12 AM
ബാബാ സിദ്ദിഖി വധക്കേസ്: പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയയാൾ പിടിയിൽ
മുംബൈ: ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ആളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ദിനകര്‍ വാഗ് (26) എന്നയാള്‍ നാഗ്പൂരില്‍ നിന്നാണ് അറസ്റ്റിലാകുന്നത്. കേസിലെ 26-ാമത്തെ അറസ്റ്റാണിത്. അന്വേഷണവുമായി ബന്ധപ്പെട്ട് നാഗ്പൂരിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ മറ്റൊരു പ്രതിയായ സല്‍മാന്‍ വോറയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. നവംബര്‍ 17നാണ് കേസില്‍ സല്‍മാന്‍ വോറയെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പ്രതി ഗുര്‍നൈല്‍ സിങ്ങിന്റെ സഹോദരന്‍ നരേഷ്‌കുമാര്‍ സിങ്ങിനും രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കും പണം കൈമാറിയത് സുമിത് ദിനകര്‍ വാഗ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
എന്‍സിപി നേതാവ് ബാബ സിദ്ദിഖി (66) ഒക്ടോബര്‍ 12നാണ് വെടിയേറ്റ് മരിച്ചത്. മകന്റെ ഓഫീസില്‍ നിന്ന് ഇറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കവെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതില്‍ ബിഷ്ണോയ് സംഘത്തിന്റെ പങ്കിനെ കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.