18 November, 2024 01:40:24 PM


വന്ദേഭാരതിലെ ഭക്ഷണത്തില്‍ പ്രാണി; മാപ്പ് ചോദിച്ച് റെയില്‍വേ; കേറ്ററിങ് ഏജന്‍സിക്ക് 50,000 രൂപ പിഴ



ചെന്നൈ: തിരുനെല്‍വേലി- ചെന്നൈ റൂട്ടില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ ചെറുപ്രാണികള്‍ കണ്ടെത്തിയതായി പരാതി. സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തോടെ, ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു. കൂടാതെ ഭക്ഷണ വിതരണ കേറ്ററിങ് ഏജന്‍സിക്ക് അരലക്ഷം രൂപ പിഴയും ചുമത്തി.

കഴിഞ്ഞ ശനിയാഴ്ച പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന്‍ പ്രാണിയെ കണ്ടെത്തിയത്. മധുരയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഇദ്ദേഹം പരാതി നല്‍കി. ട്രെയിന്‍ സര്‍വീസ് മികച്ചതാണെങ്കിലും നല്‍കിയ ഭക്ഷണം തൃപ്തികരമല്ലെന്ന് ട്രെയിനിലെ മറ്റു യാത്രക്കാരും പരാതിപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.

സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി ഭക്ഷണപ്പൊതി ഡിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.ഭക്ഷണപ്പൊതിയുടെ അടപ്പില്‍ പ്രാണി കുടുങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി റെയില്‍വേ അറിയിച്ചു. ഈ സംഭവത്തില്‍ സേവന ദാതാവിന് 50,000 രൂപ പിഴയും ചുമത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണെന്നും യാത്രക്കാരുടെ പരാതികള്‍ ഉടനടി പരിഹരിക്കുമെന്നും റെയില്‍വേ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K