18 November, 2024 09:00:12 AM


പൗരോഹിത്യ രജത ജൂബിലി നിറവിൽ ഫാ. ജയിംസ് മുല്ലശേരി



ചങ്ങനാശ്ശേരി: പൗരോഹിത്യത്തിന്‍റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പലും അസോസിയേഷൻ ഓഫ് സ്കൂൾ ഫോർ ഓൾ ഇന്ത്യൻ കൗൺസിലിന്‍റെ നാഷണൽ പ്രസിഡന്റുമായ ഫാ. ഡോ. ജയിംസ് മുല്ലശേരിക്ക് ചങ്ങനാശ്ശേരിയില്‍ സ്വീകരണവും അനുമോദനവും നൽകുന്നു. മുല്ലശേരി കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി വടക്കേക്കര സെന്റ് മേരീസ് പള്ളിയിൽ 21 നാണ് സ്വീകരണം.

ഗ്രന്ഥകാരൻ, കവി, ചിന്തകൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ഫാ. ജയിംസ് മുല്ലശേരി ചങ്ങനാശ്ശേരി ചെത്തിപ്പുഴ വടക്കേക്കര മുല്ലശേരിയിൽ പരേതനായ ദേവസ്യ തോമസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. 2000 ജനുവരി ഒന്നിന് സിഎംഎ വൈദികനായി അഭിഷിക്തനായി.

ചെത്തിപ്പുഴ തിരു ഹൃദയ ദേവാലയത്തിലെ സഹ വികാരിയായി പൗരോഹിത്യ ജീവിതം ആരംഭിച്ചു. കൊൽക്കത്തയിലെ കെ ഇ കാർമൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച് എസ് എസ് അധ്യാപകൻ, ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 മുതൽ മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലാണ്. 2012 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടി. 

21 ന് 3 മണിക്ക് ഫാ ജയിംസ് മുല്ലശേരിയുടെ മുഖ്യ കാർമികത്വത്തിലുളള കുർബാനയെ തുടർന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവനന്തപുരം സെന്‍റ് ജോസഫ് പ്രോവിന്‍സ് പ്രോവിന്‍ഷ്യാള്‍ ഫാ. ആന്‍റണി ഇളംതോട്ടത്തിന്‍റെ അധ്യക്ഷതയില്‍  പള്ളി പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, എം പി മാര്‍, എംഎല്‍എ മാര്‍ തുടങ്ങി വിവിധ സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ- മത നേതാക്കള്‍ പങ്കെടുക്കും.

സ്വീകരണ പരിപാടികള്‍ക്ക് കുടുംബയോഗം പ്രസിഡന്‍റ് ജോയിച്ചന്‍ മുല്ലശേരി, ഫിലിപ്പ് തോമസ് മുല്ലശേരി, റെജി മുല്ലശേരി, മോനിച്ചന്‍ മുല്ലശേരി, ലൗലിച്ചൻ  മുല്ലശ്ശേരി  തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K