16 November, 2024 12:55:12 PM


സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് 7 വര്‍ഷം കഠിനതടവും പിഴയും



കൊല്ലം: കൊല്ലത്ത് സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഏഴ് വർഷം കഠിനതടവ്. കൊല്ലം അസിസ്‌റ്റന്‍റ് സെഷൻസ് ജഡ്‌ജ് ആണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാംപ്രതി മുഹമ്മദ് ഫൈസൽ, അഞ്ചാംപ്രതി - മുഹമ്മദ് താഹീർ, ഏഴാം പ്രതി സലീം, എട്ടാംപ്രതി അബ്‌ദുൾ ജലീൻ, മൂന്നാംപ്രതി ഇർഷാദ്, നാലാം പ്രതി ഷഹീർ, പത്താം പ്രതി കിരാർ എന്നിവർക്കാണ് കോടതി ഏഴ് വർഷം തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചത്.

2012 ജനുവരിയിലാണ് കണ്ണനല്ലൂരിൽവച്ചാണ് സിപിഎം പ്രവർത്തകരായ രഞ്ജിത്ത്, സെയ്‌ഫുദ്ദീൻ എന്നിവരെ പ്രതികൾ ആക്രമിച്ചത്. സിപിഎം സമ്മേളനത്തിന്‍റെ കൊടി കെട്ടിയ ശേഷം വീട്ടിലേക്ക് പോയ രണ്ട് പ്രവർത്തകരെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കുളപ്പാടം സ്വദേശികളായ യുവാക്കളെ അയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലീസ് ഏഴ് പേരെ പിടികൂടി. വിധിയിൽ തൃപ്തരല്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാർ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സിപിഎം പ്രവർത്തകൻ രഞ്ജിത്ത് പറഞ്ഞു. അതേസമയം കേസിലെ ഒന്നാം പ്രതി അടക്കം 4 പേരെ ഇനിയും പിടികൂടാൻ  പൊലീസിന് കഴിഞ്ഞിട്ടില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K