15 November, 2024 02:28:08 PM


വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും 18 വയസിനു താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം



മുംബൈ: പ്രായപൂർത്തിയാകാത്ത ഭാര്യയുടെ സമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാമെന്ന് ബോംബെ ഹൈകോടതി. ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി. ഭാര്യയുടെ പരാതിയിൽ ഭർത്താവിന് 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴകോടതിയുടെ വിധി ശരിവെച്ചാണ് ഹൈക്കോടതി വിധി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം പ്രതി വിവാഹം കഴിച്ചെന്നായിരുന്നു കേസ്.

2019ലാണ് കേസിനാസ്പദമായി സംഭവം. വിവാഹം കഴിച്ചെങ്കിലും പെൺക്കുട്ടിക്ക് ഭർത്താവിൽ നിന്നും നേരിട്ട പീഡനങ്ങൾ ഇല്ലാതാവുന്നില്ലെന്നും, സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്നത് പ്രതിയുടെ വാദമാണെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ വാർധ സ്വദേശിനിയായ പരാതിക്കാരിയുടെ അയൽവാസിയാണ് കുറ്റക്കാരൻ.

പരാതിക്കാരനുമായി നേരത്തെ അടുപ്പത്തിലായിരുന്ന പെൺക്കുട്ടിയെ ഇയാൾ നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭിണിയാക്കുകയും ചെയ്തു. പിന്നീട് വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായി. ഗർഭഛിദ്രം നടത്തണമെന്നും ആവശ്യപ്പെട്ടു. കുട്ടിയുടെ പിതൃത്വം നിഷേധിച്ചും പീഡനം തുടർന്നതോടെയാണ് പെൺക്കുട്ടി പൊലീസിൽ പരാതി നൽകിയത്. പൊലീസ് പ്രതിയെ അറ​സ്റ്റ് ചെയ്യുകയും വിചാരണക്കൊടുവിൽ ശിക്ഷ ലഭിക്കുകയുമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K