14 November, 2024 05:01:36 PM


നവീൻ ബാബുവിന്‍റെ മരണം; കുടുംബത്തിന്‍റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം



പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ പൊലീസിന് മൊഴി നല്‍കിയ അതേ വിവരങ്ങള്‍ എസ്‌ഐടിക്കും നല്‍കിയതായി കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നടന്ന ദിവസമാണ് കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെയും പ്രവീണ്‍ ബാബുവിന്റെയും മൊഴി രേഖപ്പെടുത്തിയത്. എസ്‌ഐടി രൂപീകരിച്ച് ആദ്യമായാണ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്താനെത്തുന്നത്. ഏകദേശം രണ്ട് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. ആത്മഹത്യയ്ക്ക് മുമ്പ് നവീന്‍ ബാബു എന്തൊക്കെയാണ് മഞ്ജുഷയോട് ഫോണില്‍ സംസാരിച്ചതെന്നാണ് പ്രധാനമായും അന്വേഷിച്ചത്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെ വിശ്വാസമില്ലെന്നും മഞ്ജുഷ എസ്‌ഐടിയോട് പറഞ്ഞു.

ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതില്‍ പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം നടപടി ആരംഭിച്ചത്. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴിയും ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K