14 November, 2024 09:46:09 AM
'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല'; 21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി
ചെന്നൈ: ഇഷ്ടമുള്ളവര്‍ തമ്മില്‍ ചുംബിക്കുന്നതോ, കെട്ടിപ്പിടിക്കുന്നതോ കുറ്റമായി കാണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ വിധി. പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണ്. പ്രകടമായ ലൈംഗിക താത്പര്യത്തോടെ ബലപ്രയോഗം നടത്തിയാല്‍ മാത്രമേ ലൈംഗികാതിക്രമമായി കണക്കാക്കാനാവൂ- കോടതി പറഞ്ഞു.
അടുപ്പത്തിലായിരുന്ന 21-കാരനെതിരെ 19 കാരിയാണ് കേസുകൊടുത്തത്. യുവതിയുടെ എതിർപ്പ് വകവെയ്ക്കാതെ യുവാവ് കെട്ടിപ്പിടിച്ച് ചുംബിച്ചു. യുവതി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. പ്രണയബന്ധം മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹാലോചനയുമായി ചെന്നെങ്കിലും യുവാവ് വിസമ്മതിച്ചു. പിന്നീട് യുവതിയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. തുടർന്നാണ് യുവതി പരാതി കൊടുത്തത്. എന്നാൽ നേരത്തെ ഇവർ അടുപ്പത്തിലായത്കൊണ്ട് തന്നെ കെട്ടിപ്പിടിച്ചതിനെയോ ചുംബിച്ചതിനെയോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.