13 November, 2024 12:21:55 PM


മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ആത്മകഥ വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജൻ



കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലേതെന്നു കാട്ടി പുറത്തിറക്കിയിട്ടുള്ള ഭാ​ഗങ്ങൾ കെട്ടിച്ചമച്ചതാണ്. തന്റെ പുസ്തകം പൂർത്തിയായിട്ടില്ല. തലക്കെട്ട് പോലും ആലോചിച്ചിട്ടില്ല. ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്സുമായി ഒരു കരാറുമില്ലെന്നും മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ താൻ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമോ? തന്നെയും പാർടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും ആസൂത്രിതമായ പദ്ധതിയാണ്. തെരഞ്ഞെടുപ്പു ദിവസം തന്നെ താൻ പാർടിക്ക് എതിരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും  ഇ പി പറഞ്ഞു.

ഇന്ന് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു മാധ്യമങ്ങൾ ഇ പി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്. ഇ പി ജയരാജൻ പാർടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നായിരുന്നു അവകാശവാദം. എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്.

'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായും പുറത്തുവന്നിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K