12 November, 2024 02:23:45 PM
ഷാരൂഖ് ഖാനെതിരെ വധഭീഷണി; അഭിഭാഷകൻ അറസ്റ്റിൽ
മുംബൈ : ബോളിവുഡ് നടൻ ഷാരൂഖ് ഖാന് നേരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ. റായ്പൂരിൽ നിന്നാണ് അഭിഭാഷകൻ കൂടിയായ ഫൈസാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഷാരൂഖ് ഖാന് നേരെ വധഭീഷണി ഉയർന്നത്. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാഴ്ചയാണ് ഭീഷണി കാൾ വന്നത്. ഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഫോൺ തന്റെ കയ്യിൽ നിന്ന് നഷ്ടമായെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.
ഭീഷണി ലഭിച്ചതോടെ ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാന് ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് നിരന്തരമായ വധ ഭീഷണി നേരിടുന്നതിനിടെയാണ് ഷാരൂഖിനു നേരെയും ഭീഷണിയെത്തിയത്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയെ ലോറൻസ് ബിഷ്ണോയ് സംഘം കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് സൽമാനു നേരെ വധഭീഷണി വ്യാപകമായത്.