12 November, 2024 11:18:42 AM


സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ചയിലേക്കു മാറ്റി; ഇടക്കാല ജാമ്യം തുടരും



ന്യൂഡല്‍ഹി: യുവനടി നല്‍കിയ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. സിദ്ദിഖിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് മാറ്റിയത്.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല. ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു. അതേസമയം സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946