25 October, 2024 08:15:05 PM


തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി; ആന എഴുന്നള്ളിപ്പിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി



കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോ​ഗിക്കുന്നത് മനുഷ്യന്റെ അഹന്ത കാരണമാണെന്നും തിമിം​ഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു. അല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളിപ്പിന് ഉപയോഗിച്ചേനേയെന്നും കോടതി വിമർശിച്ചു. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആനകൾ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്നും ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആനകളെ ചങ്ങലയ്ക്കിട്ട് നിർത്തുന്നു, മനുഷ്യർ ഇങ്ങനെ നിൽക്കുമോയെന്നും കോടതി വിമർശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.

കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്. ആനകളെ ചങ്ങലയ്ക്കിട്ട് നിർത്തുന്നു, മനുഷ്യർ ഇങ്ങനെ നിൽക്കുമോയെന്നും കോടതി ചോദിച്ചു. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ആനയെഴുന്നള്ളിപ്പ് ആചാരമല്ല, മനുഷ്യന്റെ വാശിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നില്‍. മൂകാംബികയില്‍ ആന എഴുന്നള്ളിപ്പില്ല, ഉള്ളത് രഥമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആന എഴുന്നള്ളത്തിന് അടുത്ത ഉത്സവ സീസണിന് മുൻപ് ചട്ടം കൊണ്ടുവരുമെന്നും കോടതി അറിയിച്ചു. കേസ് പരി​ഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K