22 October, 2024 06:07:26 PM


വിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ജീവനുള്ള പഴുതാരയെ കിട്ടിയതായി പരാതി



ന്യൂഡൽഹി: ഐആർസിടിസിയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ജീവനുള്ള പഴുതാരയെ കിട്ടിയതായി പരാതി. ഡൽഹി സ്വദേശി ആരയൻഷ് സിങ് ആണ് എക്‌സിലൂടെ ദുരനുഭവം പങ്കുവെച്ചത്. സമീപ വർഷങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി അവകാശപ്പെടുന്ന ഒരു അക്കൗണ്ടിൽനിന്നുള്ള പോസ്റ്റിന് പ്രതികരണമായാണ് യാത്രക്കാരൻ അനുഭവം പങ്കുവെച്ചത്.

റെയ്തയിൽ നീന്തുന്ന പഴുതാരയുടെ ചിത്രത്തോടെയാണ് ആരയൻഷ് സിങിന്റെ പ്രതികരണം. ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ 'പ്രോട്ടീൻ' ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിലെ പരിഹാസം. ഐആർസിടിസിയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിലാണ് ഇത് നടന്നതെന്നും അങ്ങനെയെങ്കിൽ സാധാരണ ട്രെയിനുകളിലെയും പാൻട്രി കാറുകളിലെയും ഭക്ഷണത്തിന്റെ നിലവാരം ഊഹിക്കാമല്ലോ എന്നും അദ്ദേഹം കുറിച്ചു.

ട്രെയിനിൽ നിന്നും സ്റ്റേഷനിൽ നിന്നുമൊക്കെ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന അറിയിപ്പും ഡൽഹി സ്വദേശിയായ ആരയൻഷ് സിങ് നൽകുന്നുണ്ട്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി ഐആർസിടിസി അധികൃതരും രംഗത്തെത്തി. രസീതോ ബുക്കിങ് വിവരങ്ങളോ നൽകണമെന്നും ഏത് സ്റ്റേഷനിൽ നിന്നാണ് ഇത് സംഭവിച്ചതെന്ന വിവരവും അവ‍‍ർ ആവശ്യപ്പെട്ടു. പെട്ടെന്ന് നടപടിയെടുക്കാൻ പരാതിക്കാരന്റെ ഫോൺ നമ്പർ കൂടി നൽകണമെന്നും ഐആർസിടിസി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

"സർ, അസൗകര്യത്തിൽ ഖേദിക്കുന്നു. ഉടൻ നടപടിയെടുക്കാൻ രസീത്/ബുക്കിംഗ് വിശദാംശങ്ങൾ, സ്റ്റേഷൻ്റെ പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം ദയവായി പങ്കിടുക," ഐആർസിടിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് പ്രതികരിച്ചു. ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണവുമായി ബന്ധപ്പെട്ട ശുചിത്വ പ്രശ്‌നങ്ങൾ ദീർഘകാലമായി ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K