22 October, 2024 04:30:50 PM
സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി
ന്യൂഡല്‍ഹി: രാജ്യത്ത് നിരവധി സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. വ്യാജ ബോംബ് ഭീഷണി ലഭിച്ച സ്‌കൂളുകളില്‍ രണ്ടെണ്ണം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഒരെണ്ണം ഹൈദരാബാദും. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇ-മെയില്‍ വഴി തിങ്കളാഴ്ച രാത്രിയാണ് വ്യാജ ബോംബ് ഭീഷണി വന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹി രോഹിണി ഏരിയയിലെ ഒരു സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലില്‍ ശക്തമായ സ്ഫോടനം നടന്നത് രണ്ടുദിവസം മുന്‍പാണ്. ഇതിന് പിന്നാലെ ഒന്നിലധികം സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി വന്ന സംഭവത്തെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.
കഴിഞ്ഞദിവസം രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് രാവിലെ 7.50നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. കെട്ടിടത്തിന്റെ ഭിത്തിയില്‍ ഒരു ദ്വാരം ഉണ്ടാവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ടെലിഗ്രാമിലൂടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാന്‍ അനുകൂല സംഘം ഏറ്റെടുത്തിരുന്നു. പോസ്റ്റ് വന്ന ചാനലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ടെലിഗ്രാമിനോട് ഡല്‍ഹി പൊലീസ് ചോദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് 100 ലധികം വ്യാജ ബോംബ് ഭീഷണികളാണ് ലഭിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ചൊവ്വാഴ്ച മാത്രം 10 വിമാന സര്‍വീസുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. പ്രധാനമായും അന്താരാഷ്ട്ര റൂട്ടുകളില്‍ ഓടുന്ന സര്‍വീസുകളെയാണ് ബാധിച്ചത്. ഇതോടെ ഈ ആഴ്ച എയര്‍ലൈനിന് മാത്രം ലഭിച്ച മൊത്തം ഭീഷണികളുടെ എണ്ണം 100 കടന്നതായാണ് റിപ്പോര്‍ട്ട്.
ജിദ്ദ, ഇസ്താംബുള്‍, റിയാദ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഏറ്റവും പുതിയ ഭീഷണികള്‍. ഉടന്‍ തന്നെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ച്, എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്ന് ഉറപ്പാക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്തതായി ഇന്‍ഡിഗോ അറിയിച്ചു.