15 October, 2024 11:32:04 AM


ലൈംഗികാതിക്രമ കേസ്; ജയസൂര്യ ചോദ്യം ചെയ്യലിന് ഹാജരായി



തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിനായി നടൻ ജയസൂര്യ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരായി. 11 മണിയായിരുന്നു ഹാജരാകാൻ പറഞ്ഞിരുന്ന സമയം. പക്ഷെ മാധ്യമ ശ്രദ്ധയിൽ നിന്ന് വിട്ട് നിൽക്കുന്നതിന് വേണ്ടി 8.15ന് തന്നെ ജയസൂര്യ ഹാജരാവുകയായിരുന്നു. സിനിമ ചിത്രീകരണത്തിനിടെ സെക്രട്ടേറിയേറ്റിൽ നിന്ന് ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ചോദ്യം ചെയ്യൽ.

2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ജയസൂര്യ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. സെക്രട്ടേറിയേറ്റില്‍ വെച്ചായിരുന്നു ഈ ഷൂട്ടിങ് നടന്നത്. രണ്ട് മാസം മുന്‍പാണ് യുവതി പരാതി കൊടുത്തത്.

ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ തന്നെ പുറകില്‍ നിന്ന് കടന്നു പിടിച്ചു എന്നാണ് നടി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ വൈകിട്ട് നടന്‍ തന്നെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K