12 October, 2024 04:58:51 PM


മകളെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് മകളുടെ കാമുകന്; കൊല്ലപ്പെട്ടത് അമ്മ



ആഗ്ര: മകളെ കൊലപ്പെടുത്താന്‍ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന്. പക്ഷെ കാമുകൻ കൊലപ്പെടുത്തിയത് അമ്മയെ. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. സംഭവത്തിൽ കൊല്ലപ്പെട്ട അമ്മ അൽക്കയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷ് സിങിനെയും (38) ജസ്രത്പൂർ പൊലീസ് പിടികൂടി.

ഒക്ടോബര്‍ ആറിനാണ് അല്‍ക്കയെന്ന യുവതിയെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 17 വയസുകാരിയായ മകളുടെ പ്രണയിത്തിൽ താത്പര്യം ഇല്ലാതിരുന്ന അമ്മ നാണക്കേടിനെ തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ മകളെ നിർബന്ധിച്ചിരുന്നു. പക്ഷെ മകൾ തയ്യാറായില്ല. തുടർന്ന് മകളെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചെങ്കിലും മകൾ ബന്ധം തുടർന്നു. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്താൻ അൽക്ക തീരുമാനിക്കുകയായിരുന്നു.

മകളെ കൊലപ്പെടുത്താനായി ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയില്‍ മോചിതനായ സുഭാഷുമായി അല്‍ക്ക ബന്ധപ്പെട്ടു. മകളെ കൊലപ്പെടുത്തിയാല്‍ അരലക്ഷം രൂപയാണ് അമ്മ വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് മകളുടെ കാമുകനാണെന്ന് ഇവർക്ക് അറിയില്ലായിരുന്നു, പണം ലഭിച്ചതിന്റെ പിന്നാലെ സുഭാഷ് സിങ് തന്റെ കാമുകിയോട് കാര്യം പറഞ്ഞു. ഇതോടെ തനിക്ക് പകരം അമ്മയെ വകവരുത്തിയാൽ താൻ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.

ഇതേതുടർന്നാണ് കാമുകൻ അമ്മയെ കൊലപ്പെടുത്തിയത്. ഒക്‌ടോബർ 6 ന് ജസ്രത്പുരിലെ വയലിൽ നിന്ന് അൽക്കയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K