09 October, 2024 12:19:28 PM


അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു; നടിയുടെ പരാതിയില്‍ കേസ്



കൊച്ചി: സമൂഹമാധ്യമങ്ങളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന നടിയുടെ പരാതിയില്‍ കേസ്. മുകേഷിനും ജയസൂര്യക്കുമെതിരേ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് തന്റെ അശ്ലീലചിത്രങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയത്. സിനിമ മേഖലയിലെ ഉന്നതര്‍ക്കെതിരെ പീഡന പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നാണ് പരാതി.

ആലുവ സൈബര്‍ പോലീസിനാണ് പരാതി നല്‍കിയത്. ആ പരാതിയിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ പലതും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. നടി ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയില്‍ കേസ് എടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരുടേയും പേര് ചേര്‍ത്തിട്ടില്ല. വ്യാജ പ്രൊഫൈലുകളായതിനാലാണ് എഫ്.ഐ.ആറിൽ പേര് ചേർക്കാത്തതെന്ന് പൊലീസ് വ്യക്തമാക്കി.

നടി തന്നെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിനാലാണ് ആരുടേയും പേര് എഫ്.ഐ.ആറില്‍ പറയാത്തതെന്നാണ് വിവരം. നടന്മാരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K