01 October, 2024 11:38:22 AM


വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില വർദ്ധിപ്പിച്ചു



ന്യൂഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വ‍ർദ്ധനവ് പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വർദ്ധിക്കുന്നത്. ഒക്ടോബ‍ർ ഒന്നാ തീയ്യതി മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നതായി കമ്പനികൾ പുറത്തിറക്കിയ അറിയിപ്പ് പറയുന്നു. എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രവ‍ർത്തന ചെലവ് വ‍ർദ്ധിപ്പിക്കാൻ ഇടയാക്കുന്നതാണ് പുതിയ തീരുമാനം. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ അഞ്ച് കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഇത്തരം സിലിണ്ടറുകളുടെ വിലയിൽ ഇന്ന് മുതൽ 12 രൂപയുടെ വർദ്ധനവുണ്ടാവും. 

കഴിഞ്ഞ മാസം ആദ്യത്തിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ എണ്ണ കമ്പനികൾ വ‍ർദ്ധിപ്പിച്ചിരുന്നു. അന്ന് 19 കിലോഗ്രാം സിലിണ്ടറിന് 39 രൂപയാണ് വർദ്ധിപ്പിച്ചത്. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് വില വർദ്ധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വില വർദ്ധനവ് ഗാർഹിക ഉപഭോക്താക്കളെ ബാധിക്കില്ല. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കൂടുന്നത് ഹോട്ടൽ ഭക്ഷണത്തിന്റെ അടക്കം വിലയിൽ പ്രതിഫലിച്ചേക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K