26 September, 2024 01:26:36 PM


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിൽ ബാലാജിക്ക് ജാമ്യം



ചെന്നൈ: സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

2011 മുതൽ 2015 വരെ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) സർക്കാരിൻ്റെ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എഞ്ചിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌‌തു കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്കെതിരായ കേസ്.

2023 ജൂൺ 13നാണ് അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തത ശേഷമായിരുന്നു അറസ്റ്റ്. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം സെന്തിൽ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു സെന്തിൽ. നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.

ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ നേരത്തെ മൂന്ന് തവണ ചെന്നൈയിലെ സെഷൻസ് കോടതി തള്ളിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K