25 September, 2024 09:53:30 AM


ചെന്നൈ-ദുബായ് എമിറേറ്റ്‌സ് വിമാനത്തില്‍ പുക; പരിഭ്രാന്തി, അന്വേഷണത്തിന് നിര്‍ദേശം



ചെന്നൈ: ചെന്നൈ-ദുബായ് എമിറേറ്റ്‌സ് വിമാനത്തില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കവെയായിരുന്നു സംഭവം. വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് പുക ഉയര്‍ന്നത്. ബോഡിങിനായി യാത്രക്കാര്‍ കാത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. അമിതമായി ഇന്ധനം നിറച്ചതാണ് പുകയ്ക്ക് കാരണമെന്നാണ് വിവരം. പിന്നീട് വിമാനത്തിലെ അധിക ഇന്ധനം മാറ്റുകയും അഗ്നിശമന സേനയെത്തി എഞ്ചിന്‍ തണുപ്പിക്കുകയുമായിരുന്നു. വിമാനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തി പിന്നീട് യാത്ര തിരിച്ചു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ചെന്നൈ വിമാനത്താവള അധികൃതരോട് ഡല്‍ഹി ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K