21 September, 2024 06:44:57 PM


അതിഷി ഇനി ഡൽഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു



ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്നിവാസിൽ ലെഫ്റ്റനന്റ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഡൽഹിയുടെ ഏട്ടാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് അതിഷി സത്യപ്രതിജ്ഞ ചെയ്തത്. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോപാൽ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ആഘോഷമാക്കാൻ ആംആദ്മി പാ‍ർട്ടി തീരുമാനിച്ചിരുന്നു.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതോടെയാണ് ഡൽഹിയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്. ഡൽഹിയിൽ ആംആദ്മിയുടെ ഉറച്ച ശബ്ദമായ അതിഷിയല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് മുന്നിൽ മറ്റൊരു പേര് ഉണ്ടായിരുന്നില്ല. ആംആദ്മി രാഷ്ട്രീയകാര്യ സമിതിയിൽ കെജ്‌രിവാൾ അതിഷിയുടെ പേര് നിർദേശിച്ചു. മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവർ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി. തൊട്ടടുത്ത ദിവസം അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരെ നിലനിർത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാർ അഹ്‌ലാവത് പുതുമുഖമാണ്. കെജ്‌രിവാൾ മന്ത്രിസഭയിൽ ഏഴ് പേരായിരുന്നെങ്കിൽ അതിഷി മന്ത്രിസഭയിൽ ആറ് പേരെയുള്ളൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K