20 September, 2024 09:43:00 AM


ആര്‍ജി കര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു



കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിലെ ക്രൂരബലാത്സംഗക്കൊലയില്‍ ട്രെയിനി ഡോക്ടര്‍ക്ക് നീതി തേടി നടത്തി വരുന്ന സമരത്തില്‍ നിന്ന് ഭാഗികമായി പിന്മാറി ജൂനിയര്‍ ഡോക്ടര്‍മാര്‍. ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും സുരക്ഷ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയതോടെയാണ് 41 ദിവസമായി തുടരുന്ന സമരം ഭാഗികമായി അവസാനിപ്പിക്കാൻ ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗങ്ങളില്‍ ജോലിക്ക് പ്രവേശിക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്താണ് കടുത്ത സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം തുടരം. സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്‍ക്കത്ത സ്വാസ്ത്യ ഭവനില്‍ നിന്ന് സിബിഐ ഓഫീസിലേക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് റാലി സംഘടിപ്പിക്കും. അതിനിടെ കേസില്‍ പ്രതിചേര്‍ത്ത ആര്‍ജി കര്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി.

കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. സന്ദീപ് ഘോഷിന്റെ മെഡിക്കല്‍ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ ഡബ്ല്യുബിഎംസിയോട് (വെസ്റ്റ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍) ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ട് രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ പാടില്ലെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുബിഎംസി സെപ്റ്റംബര്‍ 7ന് ഘോഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സിബിഐ കസ്റ്റഡിയിലുള്ള ഘോഷ് നോട്ടീസിനോട് പ്രതികരിച്ചിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K