17 September, 2024 12:38:20 PM


നിപയിൽ ആശ്വാസം; 13പേരുടെ പരിശോധനാ ഫലം വന്നു, ആശങ്കപ്പെടാനില്ലെന്ന് മന്ത്രി



മഞ്ചേരി: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 13 ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 175 പേരാണ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും. മരിച്ച യുവാവ് ബാംഗ്ലൂരിലാണ് പഠിച്ചത്. കർണാടക സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് മങ്കിപോക്‌സ് രോഗബാധ സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളുള്ള യുവാവ് മഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് തുടക്കം മുതല്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിപ അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും കേരളത്തില്‍ എയിംസ് വേണമെന്ന് ആവശ്യപ്പെടുമന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K