13 September, 2024 04:19:42 PM
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടാം പ്രതി അനിതാകുമാരിക്ക് ജാമ്യം
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി അനിതകുമാരിക്ക് ജാമ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഒന്നാം പ്രതി പത്മകുമാറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം.
പൊലീസിൻ്റെ തുടരന്വേഷണ അപേക്ഷയും കോടതി അംഗീകരിച്ചു. കുട്ടിയുടെ പിതാവ് നൽകിയ അഭിമുഖത്തിൽ നാലുപേർ കുറ്റകൃത്യത്തിൽ ഉണ്ടായിരുന്നു എന്ന് മകൻ ജോനാഥൻ പറഞ്ഞതായി പരാമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തൽ നടത്താനിടയായ സാഹചര്യവും കുടുംബത്തിന്റെ ആവലാതിയും പരിഗണിച്ച് തുടരന്വേഷണ റിപ്പോർട്ട് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് മേധാവി എം എം ജോസ് ആണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.