09 September, 2024 12:09:00 PM


ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; എമര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തി ലോക്കോ പൈലറ്റ്; ഒഴിവായത് വന്‍ ദുരന്തം



കാന്‍പൂര്‍: റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിയത് കൊണ്ട് വന്‍ അപകടം ഒഴിവായി. ഹരിയാനയിലെ ഭിവാനിയിലേക്കുള്ള യാത്രമധ്യേയാണ് കാളിന്ദി എക്‌സ്പ്രസ് ട്രെയിന് മുന്നില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടത്. രാത്രി എട്ടരയോട ഉത്തര്‍പ്രദേശിലെ കാന്‍പൂരിനടത്തുള്ള മുണ്ടേരി ഗ്രാമത്തിന് സമീപമാണ് സംഭവം.

രാത്രി എട്ടരയോടെയാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. ട്രാക്കിന് സമീപത്തുവച്ച് കേടായ ഗ്യാസ് സിലിണ്ടറും മറ്റുവസ്തുക്കളും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചതായും പ്രദേശത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ മാറ്റിയതിന് പിന്നാലെ അല്‍പ്പസമയത്തിന് പിന്നാലെ ട്രയിന്‍ ഗതാഗതം പുനഃരാരംഭിച്ചു. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നതുള്‍പ്പടെ അന്വേഷിക്കുകയാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K