07 September, 2024 01:31:58 PM


മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു



കൊല്‍ക്കത്ത: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ഇന്ന് രാവിലെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പൊലീസ്. ഒരാള്‍ ഉറക്കത്തില്‍ വെടിയേറ്റ് മരിച്ചു. തുടര്‍ന്നു രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നാല് പേര്‍ വെടിയേറ്റു മരിച്ചതായും പൊലീസ് അറിയിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് 5 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളുടെ വീട്ടില്‍ തീവ്രവാദികള്‍ ഉറങ്ങിക്കിടന്നയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഈ ആഴ്ച ആദ്യം ബോറോബെക്ര പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ മൂന്ന് നിലകളുള്ള വീട് തീയിട്ടിരുന്നു. മെയ്‌തി, ഹമര്‍ വിഭാഗങ്ങള്‍ തീവയ്പ്പും വെടിവെപ്പും തടയുന്നതിന് ധാരണയിലെത്തിയിട്ടും കഴിഞ്ഞ ആഴ്ച മുതല്‍ അക്രമം തുടരുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ്തി - കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ വംശീയ അക്രമത്തില്‍ 200-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. അക്രമവും തീവയ്പും തുടര്‍ന്നതോടെ ആയിരങ്ങള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ ജിരിബാം ജില്ലയെ അതിക്രമം കാര്യമായി ബാധിച്ചിരുന്നില്ല. ജിരിബാം ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അസം റൈഫിള്‍സിലെയും സിആര്‍പിഎഫിലെയും ഉദ്യോഗസ്ഥരും ജിരിബാം ജില്ലയിലെ ഹമര്‍, മെയ്‌തി, താഡൗ, പൈറ്റെ, മിസോ കമ്മ്യൂണിറ്റികളുടെ പ്രതിനിധികളും പങ്കെടുത്തു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953