05 September, 2024 02:22:16 PM
'അടുത്ത 5 വർഷം കൂടി തുടരണം'; ആരിഫ് ഖാനെ പുകഴ്ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സിൽ നന്മയുള്ള വ്യക്തിയാണെന്നും കഴിഞ്ഞ അഞ്ച് കൊല്ലം അദ്ദേഹത്തിന്റെ സാന്നിധ്യം നന്നായി അറിയിച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ശുദ്ധീകരണത്തിന് ശ്രമിച്ച ആളാണ്. ആ ഗവർണറെ തടയാൻ ആളെ വിട്ടവരാണ് സർക്കാർ. അത് സർക്കാരിന് ഭൂഷണമായ നടപടി അല്ലായിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
'ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവര്‍ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് നന്നായി അറിയാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്‍ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണ്' എന്നായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകള്‍.