03 September, 2024 04:38:19 PM


മറ്റന്നാള്‍ വരെ അറസ്റ്റ് പാടില്ല; മുകേഷിന്‍റെയും ഇടവേള ബാബുവിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച



കൊച്ചി: സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ മറ്റന്നാള്‍ കോടതി വിധി പറയും. മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

മണിയന്‍ പിള്ള രാജുവിന് എതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് മണിയന്‍ പിള്ള രാജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. മണിയന്‍ പിള്ള രാജുവിന് സ്റ്റേഷനില്‍ ഹാജരായി ജാമ്യം തേടാം എന്നും കോടതി ഉത്തരവിട്ടു.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. നടികള്‍ രഹസ്യ മൊഴികളടക്കം നല്‍കിയ സാഹചര്യത്തില്‍ മുന്‍ കൂര്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപെടുത്താനും സാധ്യതയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K