02 September, 2024 10:22:39 AM
വിദേശ വനിതയിൽ നിന്ന് കമ്പനി ഡയറക്ടർ മൂന്നര കോടി രൂപ തട്ടിയതായി പരാതി
കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ സ്വകാര്യ സംരംഭം തുടങ്ങിയ വിദേശ വനിതയിൽ നിന്ന് കമ്പനി ഡയറക്ടർ മൂന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റെയ്ച്ചർ ആണ് ചൊവ്വര സ്വദേശി അജിത്ത് ബാബുവിനെതിരെ പരാതി നൽകിയത്. സംസ്ഥാന മന്ത്രിക്ക് നൽകാനെന്ന പേരിലടക്കം അജിത് പണം വാങ്ങിയെന്നും പരാതി നൽകിയപ്പോൾ ഭീഷണിപ്പെടുത്തുന്നതായും പാർവതി ആരോപിച്ചു.
ലഖ്നൗവിൽ നിന്ന് ദത്തെടുത്ത തൻറെ മകൾക്കൊപ്പം നാല് വർഷം മുൻപാണ് ഇന്ത്യൻ വംശജയായ തൻറെ അമ്മയുടെ വേരുകൾ തേടി പാർവതി റെയ്ച്ചർ കാലടിയിൽ എത്തിയത്. 3 ഏക്കർ സ്ഥലം വാങ്ങി. മഹാമായ സെൻറർ ഓഫ് കോൺഷ്യസ്നെസ് എന്ന പേരിൽ മെഡിറ്റേഷൻ സെൻററും തുടങ്ങി. വിദേശവനിതയായതിനാൽ രാജ്യത്തെ നിയമപ്രകാരം സ്ഥാപനത്തിൻറെ ഡയറക്ടറിൽ ഒരാൾ ഇന്ത്യക്കാരനാകണം. അങ്ങനെയാണ് സെൻററിൻറെ ആർക്കിട്ടെക്ടിൻറെ സഹോദരനായ അജിത്ത് ബാബുവിനെ പരിചയപ്പെടുന്നത്.എന്നാൽ വിശ്വസിച്ച് ഒപ്പം കൂട്ടിയ അജിത്ത് പിന്നീട്ട് ഓരോ ദിവസവും പാർവ്വതിയെ പറഞ്ഞ് പറ്റിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപയാണ്.
പാർവ്വതിക്ക് പ്രാദേശികമായുള്ള ധാരണക്കുറവ് ചൂഷണം ചെയ്തായിരുന്നു തട്ടിപ്പ്. ജന്മനാ വൃക്കകൾക്ക് തകരാറുള്ള മകളുടെ 500 രൂപയിൽ താഴെ മാത്രം വില വരുന്ന മരുന്നിന് 55000 രൂപ ചിലവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പത്ത് മാസം കൊണ്ട് അജിത്ത് തട്ടിയെടുത്തത് 1 കോടി 90ലക്ഷം രൂപ. സെൻററിലേക്ക് ജലശുദ്ധീകരണ സംവിധാനമൊരുക്കാൻ 19ലക്ഷം വേണമെന്ന് പറഞ്ഞു. വിദേശത്തുള്ള ഓഹരി ഉടമകളിൽ നിന്നടക്കം ശേഖരിച്ച് പാർവ്വതി അതും നൽകി. എന്നാൽ പിന്നീടാണ് അറിഞ്ഞത് ഈ ഇനത്തിൽ അജിത്ത് ചിലവാക്കിയത് വെറും 3 ലക്ഷം രൂപ മാത്രം. പ്രദേശത്ത് ഒരു റൈസ് മിൽ ഉടൻ വരുമെന്നും മന്ത്രിക്ക് പത്ത് ലക്ഷം നൽകിയാൽ അത് തടയാമെന്ന് ധരിപ്പിച്ച് പത്ത് ലക്ഷം രൂപ വേറെയും വാങ്ങി. ഇതാണ് ഇന്ത്യൻ വ്യവസ്ഥയെന്ന അജിത്തിൻറെ വാക്കുകളിൽ പാർവ്വതി പെട്ട് പോയി.
പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്ന് പാർവ്വതി പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടതോടെ കുഞ്ഞിനെ അപായപ്പെടുത്തുമെന്ന ഭീഷണിയായി. ഒടുവിൽ സെൻററും അടച്ച് പൂട്ടേണ്ടി വന്നു. തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന വിചിത്ര വാദവുമാണ് അജിത്ത് പറയുന്നത്. ഇന്ത്യയെ സ്നേഹിച്ച് ജീവിക്കാനും ഒരു കുഞ്ഞിന് ജീവിതം നൽകാനും തീരുമാനിച്ച് കേരളത്തിലെത്തിയ പാർവ്വതി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ.