23 August, 2024 09:08:37 AM


മാസപ്പടി വിവാദം; സിഎംആര്‍എല്‍ ഉദ്യോഗസ്ഥർക്ക്‌ സമൻസ് അയച്ച് എസ്എഫ്ഐഒ



തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ സിഎംആർഎൽ ഉദ്യോഗസ്ഥർക്ക്‌ സമൻസ് അയച്ച് എസ്എഫ്ഐഒ. സിഎംആര്‍എല്ലിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് സമൻസ് അയച്ചിരിക്കുന്നത്. ഈ മാസം 28 നും 29 നും ചെന്നൈയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. അതേസമയം അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നായിരുന്നു ആരോപണം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. പിന്നാലെ വിഷയം വിവാദത്തിന് വഴിവെച്ചു.

എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നേരത്തെ നോട്ടീസ് നൽകിയിരുന്നു. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടെ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെയും അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K