20 August, 2024 06:50:31 PM


യു.കെ യിൽ രണ്ട് ദിവസം മുമ്പ് കുഴഞ്ഞു വീണ മരിച്ച നേഴ്സിൻ്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി



കോട്ടയം: ഞായറാഴ്ച  യുകെയിൽ കുഴഞ്ഞുവീണ് മരിച്ച കോട്ടയം സ്വദേശിയായ നേഴ്സ് സോണിയയുടെ ഭർത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ   അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ  നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച  രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിൽ റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ്  വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയയ്ക്കായി സോണിയ കോട്ടയത്ത് 10 ദിവസത്തേക്ക് എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച  യു.കെ യിലെ വീട്ടിൽ  തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല.

സോണിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം പാക്കിൽ സ്വദേശിനിയായ സോണിയ സാറ ഐപ്പ് റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലിൽ നഴ്സായിരുന്നു. ലിസയും, ലൂയിസുമാണ് അനിൽ - സോണിയ ദമ്പതികളുടെ മക്കൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K