16 August, 2024 08:48:38 AM


അർജുനെ കാണാതായിട്ട് ഒരു മാസം; ​ഗം​ഗാവലി പുഴയിൽ ഇന്ന് വീണ്ടും തിരച്ചിൽ



അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് തുടരും. തിങ്കളാഴ്ച ​ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ധരായിരിക്കും തിരച്ചിൽ നടത്തുക. അനുമതി ലഭിച്ചാല്‍ നേവിയും തിരച്ചിലിനെത്തും. കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഒരു മാസം തികഞ്ഞു.

മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപ്പെയുടെ സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തിരച്ചിലിന് ഉണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവിക സേനയും തിരച്ചിലിൽ പങ്കെടുക്കും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.

മണ്ണിടിച്ചിലിൽ വെള്ളത്തിൽ പതിച്ച വലിയ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുെട സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്ന് ഈശ്വർ മൽപ്പെ പറയുന്നു. കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K