09 August, 2024 03:32:12 PM


വയനാട്: ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; സി ഷുക്കൂറിന് 25,000 രൂപ പിഴ



കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശേഖരിക്കുന്ന ഫണ്ട് സമാഹരണത്തില്‍ നിയന്ത്രണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ തള്ളി. ഹര്‍ജിക്കാരന്‍ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് ഹര്‍ജി തള്ളിയത്. അഭിനേതാവും അഭിഭാഷകനുമായ സി ഷുക്കൂര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി പിഴയടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.

ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ പ്രധാന ആവശ്യം. സ്വകാര്യ വ്യക്തികളും സംഘടനകളും ശേഖരിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. ഫണ്ടിന്റെ ദുരുപയോഗം തടയണം. ഇതുവരെ പിരിച്ച ഫണ്ട് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്നത് സര്‍ക്കാര്‍ തടയണം. ഫണ്ടുകളില്‍ കര്‍ശന മേല്‍നോട്ടവും ഓഡിറ്റും വേണം. ഫണ്ട് ശേഖരണം കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാക്കണമെന്നുമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന് പിന്നാലെ നിരവധി സംഘടനകളാണ് പണം പിരിക്കുന്നത്. വീട് നിര്‍മിച്ച് നല്‍കാമെന്നും പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വീടുകളുടെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെയും പൊലീസ് മേധാവിയെയും കക്ഷി ചേര്‍ത്തുകൊണ്ടായിരുന്നു ഹര്‍ജി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K