02 August, 2024 09:02:59 AM


മടങ്ങുകയാണ്, ഇനിയിങ്ങോട്ടില്ല ജീവൻ മാത്രമേയുള്ളൂ ‍ഞങ്ങൾക്ക്- വയനാട്ടിലെ അന്യസംസ്ഥാന തൊഴിലാളികൾ



കൽപ്പറ്റ: ഉരുള്‍ വന്ന് മണ്ണടിഞ്ഞ മുണ്ടക്കൈയിലും ചൂരൽമലയിലും വരുമാനമാർഗം തേടിയെത്തിയ നിരവധി അന്യസംസ്ഥാന തൊഴിലാളികളുണ്ട്. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം അനുഭവിച്ച ഹാരിസൺ മലയാളം സെൻറിനൽ റോക്ക് എസ്റ്റേറ്റിലെ അന്യസംസ്ഥാന തൊഴിലാളികളും ഇനി വയനാട്ടിലേക്കില്ലെന്ന് പറഞ്ഞു കൊണ്ടിരുന്നു. നാട്ടിൽനിന്നാൽ ജമീന്ദാറിന്റെ ഒപ്പം പണിയെടുക്കണം.പണിയെടുത്തലും കൂലി ലഭിക്കില്ല. വയനാട്ടിൽ വന്നതിന് ശേഷമാണ് ജീവിതം മെച്ചപ്പെട്ടതെന്നും എന്നാൽ ഇനിയിങ്ങോട്ടില്ലെന്നും അവർ പറഞ്ഞു. 'നഹി, നഹി.. അബ് വാപസ് നഹി ആവൂംഗാ...'' എന്ന് അവർ പറഞ്ഞ് കൊണ്ടിരുന്നു.

സുഹൃത്തുക്കൾ കൺമുന്നിൽ നഷ്ടപെടുന്നു. ജീവൻ മാത്രമേയുള്ളൂ രക്ഷപ്പെട്ട ‍ഞങ്ങൾ പത്തുപേർക്ക്. അഞ്ചുപേർ പിഞ്ചുകുഞ്ഞുങ്ങളാണ്. അവർ പഠിച്ച വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളും പോയി ധർമേന്ദർ പറഞ്ഞു.പന്ത്രണ്ടു മണിയോടെ വലിയപാറക്കെട്ടുകൾവീണ് പാടിയുടെ ചുമർ ഇടിഞ്ഞതോടെയാണ് ധർമേന്ദറും ഭാര്യ ചന്ദാദേവി, മക്കളായ ബിട്ടുവും വിദ്യാകുമാരിയും വീടുവിട്ടോടി.ഇവർക്കൊപ്പം രാജേഷ്‌കുമാറും ഭാര്യ രവീണാദേവി, മക്കളായ ഗോലുകുമാർ, ബാവികാ കുമാരി, ശില്പിറാണി എന്നിവരും ഓടി സുരക്ഷിതസ്ഥാനത്തെത്തി. എന്നാൽ, മേലേപാടിയിൽ താമസിച്ചിരുന്ന ആറുപേരും പാടിയടക്കം ഉരുളിൽപ്പെട്ടു. ബിജിനേഷ് പാസ്വാൻ, രഞ്ജിത്ത് പാസ്വാൻ, സാധു പാസ്വാൻ, ഫൂൽകുമാരി എന്നിവരെ ഉരുളെടുത്തു.

ഫൂൽകുമാരിയുടെ മൃതദേഹം മാത്രമാണ് വീണ്ടെടുക്കാനായത്. ഫൂൽകുമാരിയുടെ ഭർത്താവ് ഗോപീന്ദർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചളിയിൽ മുങ്ങി കിടന്ന അരുണിനെ രക്ഷാപ്രവർത്തകർ വലിച്ചുകരയ്ക്ക് കയറ്റി. ക്യാമ്പിലിപ്പോൾ ധർമേന്ദറിന്റെയും രാജേഷിന്റെയും കുടുംബവും അരുണുമാണുള്ളത്. ഏറെ പ്രിയമുള്ളയിടമാണിത് എന്നാലും ഇനിയിങ്ങോട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഇവരെല്ലാവരും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K