30 July, 2024 07:18:49 PM
ഉരുള്‍പൊട്ടല്‍: താത്കാലിക ആശുപത്രി ആരംഭിച്ചു, 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ച 51 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. മേപ്പാടിയിലും നിലമ്പൂരിലുമായാണ് ഇത്രയും മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുരിത ബാധിത പ്രദേശങ്ങളിൽ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്തെ പോളിടെക്‌നിക്കിലെ താത്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വയനാട്ടിൽ അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചു.
കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീമിനെ വയനാടേയ്ക്ക് അയച്ചതായും മന്ത്രി വീണ ജോർജ് അറിയിച്ചു. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, കാര്‍ഡിയോളജി, സൈക്യാട്രി, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ സംഘവും സ്ഥലത്ത് എത്തുന്നതാണ്.
വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകരോട് അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കുന്നുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അധികമായി എത്തിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ആശുപത്രികളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായും ചര്‍ച്ച ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.