30 July, 2024 09:52:32 AM


ഉരുള്‍പൊട്ടല്‍: സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട്ടില്‍ രണ്ടിടത്താണ് ഉരുള്‍ പൊട്ടലുണ്ടായത്. മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കനത്ത മഴയ്ക്കിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാവിലെ ആറു മണിയോടെ മൂന്നാമതും ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K