28 July, 2024 01:28:57 PM
ഡൽഹി ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ട്; മരിച്ചവരിൽ മലയാളി വിദ്യാര്‍ഥിയും
ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച വിദ്യാർത്ഥികളിൽ മലയാളിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡൽഹി ജെൻയുവിൽ ഗവേഷ വിദ്യാർത്ഥിയായിരുന്നു മരിച്ച നവീൻ ഡാൽവിൻ. മരിച്ച മറ്റു രണ്ടുപേർ യുപി, തെലങ്കാന സ്വദേശികളായ വിദ്യാർത്ഥിനികളാണെന്നും പൊലീസ് വ്യക്തമാക്കി.
ഡല്‍ഹിയിലെ ഓൾഡ് രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ് സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. ഇതേത്തുടർന്ന് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. അപകടസമയത്ത് 40 ഓളം വിദ്യാര്‍ത്ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്മെന്റിൽ കുടുങ്ങിയ 14 ഓളം വിദ്യാര്‍ത്ഥികളെ പിന്നീട് ഫയര്‍ഫോഴ്സും എൻഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിപ്പെടുത്തി. കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അപകടമറിഞ്ഞ് സ്ഥലത്തെത്തിയ സ്വാതി മലിവാളിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഡല്‍ഹി സര്‍ക്കാരിനും കോര്‍പ്പറേഷനും അപകടത്തിന്റെ ഉത്തരവാദിത്തത്ില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് സ്വാതി മലിവാള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വാതി മലിവാളും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുത്തിയിരുന്ന് പ്രതിഷേധിച്ചു. എത്രയും വേഗം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.