27 July, 2024 12:17:46 PM


കശ്മീരിൽ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; 4 സൈനികർക്ക് പരിക്ക്



കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ശനിയാഴ്ച പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം സൈന്യം പരാജയപ്പെടുത്തുന്നതിനിടെയാണിത്. മേജറടക്കം നാലു സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയിൽ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

കംകാരി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വടക്കൻ കശ്മീരി ജില്ലയിലെ ത്രെഹ്ഗാം സെക്ടറിലെ കുംകാഡി സൈനിക പോസ്റ്റിന് സമീപം വെടിവയ്പ്പ് തുടരുന്നതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ജൂലൈ 24 ന് കുപ്‌വാരയിലെ ലോലാബ് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അജ്ഞാതനായ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.

40 മുതൽ 50 വരെ പാക് ഭീകരർ ജമ്മു കശ്മീരിലെ മലയോര ജില്ലകളുടെ മുകൾ ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അവരെ പിടികൂടാൻ ഈ പ്രദേശങ്ങളിൽ വൻതോതിലുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ സൈന്യം തീരുമാനിച്ചു. മേഖലയിൽ നുഴഞ്ഞുകയറാൻ കഴിഞ്ഞ ഈ ഭീകരർ ഉയർന്ന പരിശീലനം നേടിയവരാണെന്നും അമേരിക്കൻ നിർമ്മിത എം4 കാർബൈൻ റൈഫിൾസ് ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ആക്രമണത്തിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K